Sunday, June 9, 2013

'അക്ഷരവെളിച്ചം' പകരാന്‍ ഇവര്‍ ശേഖരിച്ചത് ആയിരത്തൊന്ന് പുസ്തകങ്ങള്‍..

ശേഖരിച്ച പുസ്തകങ്ങളില്‍നിന്ന്  കുട്ടികള്‍ക്കായുള്ള ചിത്രകഥാ
പുസ്തകങ്ങള്‍ തരംതിരിക്കുന്ന അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍..
                വിദ്യ അഭ്യസിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും സ്കൂളുകളില്‍ പോകുവാന്‍ സാഹചര്യമില്ലാത്ത ആദിവാസി മേഖലകളിലെ നിരവധി കുട്ടികളും മുതിര്‍ന്നവരും..! ഇവര്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ തയ്യാറായി ചില സന്നദ്ധ സംഘടനകള്‍. പക്ഷേ വായിക്കുവാന്‍ പഠിച്ചുതുടങ്ങുന്നവര്‍ക്ക് തുടര്‍വായനയ്ക്കുള്ള നല്ല പുസ്തകങ്ങളില്ല എന്നത് പ്രധാന പ്രശ്നം..!ഈ കാര്യങ്ങള്‍ കേട്ടറിഞ്ഞ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ , ഈ രംഗത്ത് തങ്ങള്‍ക്കെന്ത് ചെയ്യുവാന്‍ സാധിക്കും എന്നു ചിന്തിച്ചതിന്റെ ഫലമായി ജന്മമെടുത്തത് ആയിരത്തൊന്ന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയാണ്..!
               അന്റോണിയന്‍ ക്ലബ് അംഗങ്ങളായ അറുപത് കുട്ടികള്‍ ചേര്‍ന്നാണ് ആയിരത്തിയൊന്ന് പുസ്തകങ്ങള്‍ ശേഖരിച്ചത് എന്നത് ശ്രദ്ധേയം. ഇതിനായി അവര്‍ അയല്‍പക്കങ്ങളും കൂട്ടുകാരുടെയും സ്വന്തക്കാരുടെയും ഭവനങ്ങളും സന്ദര്‍ശിച്ചു. പരിഹാസങ്ങളും വിമര്‍ശനങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. കുട്ടികളുടെ നന്മപ്രവൃത്തി തിരിച്ചറിഞ്ഞ നാട്ടുകാരും ആത്മാര്‍ത്ഥമായി സഹകരിച്ചതോടെ വെറും രണ്ടാഴ്ച്ചകൊണ്ട് ലഭിച്ച പുസ്തകങ്ങളുടെ എണ്ണം ആയിരത്തിനുമേലായി. 
വൊസാഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണിയ്ക്ക് അന്റോണിയന്‍ ക്ലബ് പ്രതിനിധികള്‍ പുസ്തകങ്ങള്‍ കൈമാറുന്നു. ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു , ഡാലിയാ ജോസ് , പി.ജെ.ആന്റണി , സി. മെര്‍ളി കെ. ജേക്കബ് ,  ടോണി തോമസ് തുടങ്ങിയവര്‍ സമീപം.
               ക്ലബ് അംഗങ്ങള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ഇടുക്കി ജില്ലയിലെ ആദിവാസി മേഖല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വൊസാഡിനു ( VOSARD-Voluntary Organisation for Social Action & Rural Development) കൈമാറി. സി.എം.ഐ. വൈദികര്‍ നേതൃത്വം നല്‍കുന്ന ഈ സന്നദ്ധ സേവന സംഘടനയുടെ , സഞ്ചരിക്കുന്ന പുസ്തകശാലകളിലൂടെ ഓരോ ആഴ്ച്ചയിലും ഈ പുസ്തകങ്ങള്‍ വിവിധ ആദിവാസിക്കുടികളിലെത്തും. വിജ്ഞാന ദീപം പകരുന്ന ഈ പുണ്യപ്രവൃത്തിയില്‍ ഒരു ചെറിയ പങ്കു വഹിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളും അവരെ നയിക്കുന്ന അധ്യാപകരും.

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete