Saturday, November 15, 2014

'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..!'


                    ശിശുദിനം പ്രമാണിച്ച് ,  മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി,  കോട്ടയം ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ ഒരു സര്‍വ്വേ നടന്നിരുന്നു. 'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..' എന്ന വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ എന്റെ സ്കൂളിലെ കുട്ടികള്‍ സത്യത്തില്‍ ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു.  അച്ഛനമ്മമാരോടുള്ള അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്നതിനൊപ്പം സാമൂഹ്യ പ്രശ്നങ്ങളും ജൈവകൃഷിയുടെ പ്രാധാന്യവുമൊക്കെ ചൂണ്ടിക്കാട്ടി അതിലൊക്കെ പോസിറ്റീവായി ഇടപെടുന്നവരാകണം ഞങ്ങളുടെ മാതാപിതാക്കള്‍ എന്ന് അവര്‍ പറഞ്ഞത് അധ്യാപകരായ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. 
      പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനൊപ്പം സാമൂഹ്യജീവിയായി മാറേണ്ടതിന്റെ ആവശ്യകതയും  വിഷമയമല്ലാത്ത പച്ചക്കറികള്‍ കൃഷിചെയ്യേണ്ടതിന്റെ പ്രാധാന്യവുമടക്കം പലതും കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാനുള്ള ശ്രമങ്ങള്‍ കുറേയെങ്കിലും വിജയിക്കുന്നുണ്ട് എന്നത് ഏതൊരധ്യാപകനും സന്തോഷം പകരും. പണത്തേക്കാള്‍ പ്രധാനം വീട്ടിലെ സ്നേഹവും സമാധാനവുമാണെന്ന് ഇവര്‍ അടിവരയിട്ട് പറയുമ്പോള്‍ ഈ കുഞ്ഞുങ്ങള്‍ നമുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. അവരുടെ ചില കമന്റുകള്‍ നമ്മുടെ കണ്ണുതുറപ്പിക്കുന്നതുമാണ്. നാളെകളില്‍ ഇവര്‍ ചലനങ്ങള്‍ സൃഷ്ടിക്കും.. തീര്‍ച്ച.. കുഞ്ഞുമനസുകളിലെ ഈ വലിയ ചിന്തകളില്‍ ചിലത് ചുവടെ നല്‍കുന്നു. വായിച്ചുനോക്കൂ..

'എന്റെ അച്ഛനും അമ്മയും ഇങ്ങനെയായിരുന്നെങ്കില്‍..'
"ഞങ്ങള്‍ കഷ്ടപ്പെട്ടതുപോലെ ഞങ്ങളുടെ മക്കളും കഷ്ടപ്പെടരുത് എന്ന ചിന്ത നല്ലതുതന്നെ. എന്നാല്‍ ഇല്ലായ്മകളിലും ജീവിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണം. ചോദിക്കുന്നതൊക്കെ വാങ്ങിത്തരുന്നവരാകേണ്ട.., മറിച്ച് ആവശ്യമുള്ളപ്പോഴൊക്കെ No പറയുന്നവരാകണം. തീരെ ചെറുതായിരുന്നപ്പോള്‍ സങ്കടം തോന്നിയിരുന്ന പല No-കളും ഇപ്പോള്‍ Yes-കളേക്കാള്‍ മധുരമുള്ളതായി മനസിലായിത്തുടങ്ങി.."

"അവര്‍ കുറേകൂടി വിദ്യാഭ്യാസമുള്ളവരും സംസ്ക്കാരമുള്ളവരുമായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. പക്ഷേ ഇവര്‍ മാത്രമേ എന്നും ഇതുപോലെ സ്നേഹത്തോടെ എന്റെയൊപ്പം ഉണ്ടാകൂ എന്നെനിക്കറിയാം. അതുകൊണ്ട്, അവരുടെ വിദ്യാഭ്യാസക്കുറവ് എനിക്കിപ്പോള്‍ ഒരു കുറവായി തോന്നാറില്ല. എന്റെ സ്വപ്നത്തിലെ അച്ഛനും അമ്മയും ഇപ്പോള്‍ എന്റെ കൂടെത്തന്നെയുണ്ട്."

"അവര്‍ കൃഷിയില്‍ തല്‍പ്പരരായതിനാല്‍ മായവും വിഷവുമില്ലാത്ത ഭക്ഷണസാമഗ്രികള്‍ എനിക്കു കിട്ടുന്നു. എന്റെ രാജ്യത്തിന്റെ കാര്‍ഷിക കരുത്തില്‍ അവരും പങ്കാളിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു."

"പാടശേഖരമുള്ള, നെല്‍കൃഷി ചെയ്യുന്ന, കൃഷിയെ സ്നേഹിക്കുന്ന മാതാപിതാക്കള്‍.. ആവശ്യത്തിനു പണവും എന്നാല്‍ അമിതമായി പണവുമില്ലാത്ത, ലളിതജീവിതം നയിക്കുന്നവര്‍.. അങ്ങനെയാകണം എന്റെ മാതാപിതാക്കള്‍.."

"എന്റെ മനസറിയുന്ന, എന്റെകൂടെ കുറേ സമയം ചിലവഴിക്കുന്ന, പോസിറ്റീവായ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എന്നെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍.. ഇപ്പോള്‍ എനിക്കതുണ്ട്.. ദൈവത്തിനു നന്ദി.."

"സമൂഹത്തിലെ തെറ്റുകള്‍ക്കുനേരേ വിരല്‍ ചൂണ്ടുന്നവരാകണം എന്റെ അച്ഛനും അമ്മയും."

"താരകക്കൂട്ടത്തിലെ മിന്നുന്ന താരമാകാന്‍ ഞാന്‍ കൊതിക്കുമ്പോള്‍.., കൗമാരത്തില്‍ കാണുന്നതെല്ലാം പൊന്നാണെന്ന് തോന്നുന്നുമ്പോള്‍.., ഒരു ദീര്‍ഘദര്‍ശിയെപ്പോലെ എന്നെ നേര്‍വഴിയ്ക്ക് നയിക്കുന്നവര്‍.. മിഴികള്‍ ഈറനണിയുമ്പോള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നവര്‍.. തമ്മില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതിലുപരി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കാണുന്നവര്‍.."

"അച്ഛനും അമ്മയും ഞങ്ങള്‍ക്ക് കണ്ടുപഠിക്കുവാനുള്ള നല്ല മാതൃകയാകണം.."

"ഞങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം.. ഞങ്ങളുമൊത്ത് യാത്ര പോകണം.. ഞങ്ങളോടൊപ്പം കുറേ സമയം ചിലവിടണം.."

"അവര്‍ ഡോക്ടറോ എഞ്ചിനീയറോ എത്രവലിയ പണക്കരോ ആകട്ടെ.. വീട്ടില്‍ സമാധാനമില്ലെങ്കില്‍ പിന്നെ എന്തുകാര്യം? എന്റെ മാതാപിതാക്കള്‍ ഇതേ അവസ്ഥയില്‍ എന്നോടൊപ്പം ഇതേ സ്നേഹത്തില്‍ ഉണ്ടായിരുന്നാല്‍മതി."

"പഠനത്തില്‍ മാത്രമല്ല, കലാ-കായിക രംഗത്തും പ്രോത്സാഹിപ്പിക്കണം. ഞങ്ങളുടെ നേട്ടങ്ങള്‍ എത്ര വലുതാണെങ്കിലും എത്ര ചെറുതാണെങ്കിലും അതില്‍ അവര്‍ തൃപ്തരായിരിക്കണം"

"ഞങ്ങളുടെ കഴിവുകളും ബലഹീനതകളും തിരിച്ചറിയുന്നവരും ഞങ്ങളുടെ കഴിവു കുറവില്‍ നിരാശപ്പെടാത്തവരുമാകണം."

"മക്കള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്നവരും അതിന് ശാന്തമായ ഒരു തീരുമാനം നല്‍കുന്നവരുമാകണം. ആര്‍ക്കും മുന്‍ഗണന നല്‍കരുത്. മക്കളെ ആരുടെ മുന്നിലും താഴ്ത്തിക്കെട്ടുകയുമരുത്."

Tony Puthiyaparampil
St. Antony's HSS Poonjar

1 comment:

  1. cngrts sir.... gd effort... ur stdnts' thoughts r also gd...

    ReplyDelete