Wednesday, December 31, 2014

പൂഞ്ഞാര്‍ തെക്കേക്കരയില്‍ പൊതുജനങ്ങള്‍ക്കായി പ്രഥമശുശ്രൂഷാ പരിശീലനം ..


            പൂഞ്ഞാര്‍ : അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഉടന്‍ നല്‍കുന്ന പ്രഥമ ശുശ്രൂഷയാണ് പലപ്പോഴും ആളുകളുടെ ജീവന്‍ രക്ഷിക്കുക. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് നല്‍കേണ്ട ഇത്തരം പ്രഥമശുശ്രൂഷകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബും സംയുക്തമായി ഫസ്റ്റ് റെസ്പോണ്ടര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. അന്റോണിയന്‍ ക്ലബിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിയില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വ്വീസ് ട്രെയിനര്‍ രാജശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശീലനം നല്‍കുന്നത്.
            ജനുവരി 3 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ ചാവറ ഹാളിലാണ് പരിശീലനപരിപാടി നടക്കുക. പുരുഷന്‍മാരും സ്ത്രീകളുമടക്കം ഒരു വാര്‍ഡില്‍നിന്ന് അഞ്ചുപേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാവുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍നിന്നുമായി 70 പേരടങ്ങുന്ന ടീമിനാണ് ഇത്തവണ പ്രഥമശുശ്രൂഷാ പരിശീലനം നല്‍കുന്നത്.  സെപ്റ്റംബര്‍ മാസം നടന്ന ആദ്യഘട്ടത്തില്‍ അന്റോണിയന്‍ ക്ലബിലെ അറുപതു കുട്ടികള്‍  പരിശീലനം നേടിയിരുന്നു. അവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഈ രണ്ടാം ഘട്ടത്തില്‍ പരിശീലന സഹായികളായെത്തും. ഈ പരിശീലന പരിപാടികളില്‍ സംബന്ധിക്കുവാന്‍ താത്പ്പര്യമുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാരുടെപക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 9895871371

Sunday, December 28, 2014

സെന്റ് ചാവറ ക്വിസ് ജനുവരി എട്ടിന്..



            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിക്കുന്ന സെന്റ് ചാവറ ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം 2015 ജനുവരി എട്ടാം തീയതി സ്കൂളിലെ ചാവറ ഹാളില്‍ നടക്കുന്നു. പങ്കെടുക്കുവാന്‍ താത്പ്പര്യമുള്ള ടീമംഗങ്ങളുടെ പേരുകള്‍ 2015 ജനുവരി 2-നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്കും മത്സരത്തിന്റെ വിശദവിവരങ്ങളും അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..

Tuesday, December 16, 2014

പൂഞ്ഞാര്‍ സ്വദേശി അരുണ്‍ കിഴക്കേക്കര മത്സ്യകൃഷിയില്‍ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു ..


            പൂഞ്ഞാര്‍ : ജയന്റ് ഗൗരാമി മത്സ്യകൃഷിയിലൂടെ പൂഞ്ഞാര്‍ കുന്നോന്നി സ്വദേശി അരുണ്‍ കെ. ജാന്‍സ് കിഴക്കേക്കര ഇന്ന് കേരളക്കരയുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പൂഞ്ഞാര്‍ ബ്ലോഗ് സന്ദര്‍ശകര്‍ക്ക് അരുണിനെ പരിചയമുണ്ട്. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് സംഘടിപ്പിച്ച കൃഷിപാഠം കാര്‍ഷിക പ്രദര്‍ശനത്തില്‍ അരുണിന്റെ ജയന്റ് ഗൗരാമി മത്സ്യസ്റ്റാള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിന്റെ റിപ്പോര്‍ട്ടുകള്‍ ബ്ലോഗിലൂടെ കുറച്ചുപേരെങ്കിലും വായിച്ചിരിക്കുമല്ലോ..
            രാഷ്ട്രദീപിക കര്‍ഷകന്‍ മാസികയുടെ ഈ ലക്കത്തില്‍ അരുണിനെക്കുറിച്ച് പ്രത്യേക ലേഖനമുണ്ട്. അദ്ദേഹത്തിന്റെ ഈ രംഗത്തെ പ്രാഗത്ഭ്യം മനസിലാക്കിയ എഡിറ്റര്‍ അരുണിനെ മാസികയുടെ മുഖചിത്രമാക്കാനും മറന്നില്ല. ഞങ്ങള്‍ അരുണിന്റെ വീട്ടിലെത്തി നേരില്‍കണ്ടു മനസിലാക്കിയ കാര്യങ്ങളെല്ലാം ഇവിടെ ലേഖകന്‍ ചുരുക്കി വിവരിച്ചിട്ടുണ്ട്. ആ ലേഖനഭാഗം ചുവടെ നല്‍കിയിരിക്കുന്നു.. പൂഞ്ഞാറിന്റെയും കുന്നോന്നിയുടെയും അഭിമാനമായി മാറിയിരിക്കുന്ന അരുണ്‍ കിഴക്കേക്കരയ്ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങളും ആശംസകളും ..
കര്‍ഷകനില്‍ പ്രസിദ്ധീകരിച്ച ലേഖനഭാഗം ചുവടെ ചേര്‍ക്കുന്നു..

Saturday, December 13, 2014

ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗ് ടീമിന്റെ നന്ദി ..



            നാലു വര്‍ഷങ്ങള്‍..! അതെ, ഏതാണ്ട് 1500 ദിവസങ്ങളാകുന്നു പൂഞ്ഞാര്‍ ബ്ലോഗ് ആരംഭിച്ചിട്ട്..! പിന്തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.. നാലു വര്‍ഷംകൊണ്ട് പൂഞ്ഞാര്‍ ബ്ലോഗ് ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി ദിവസവും ശരാശരി ഒരു മണിക്കൂറെങ്കിലും ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുന്നുണ്ട് എന്നത് മറ്റു പലരുടെയും ത്യാഗത്തിന്റെ ഫലംകൂടിയാണ്. മിക്കപ്പോഴും, വീട്ടില്‍ ചെയ്യേണ്ട പല കടമകളും ഇതിന്റെ പേരില്‍ മാറ്റിവയ്ക്കേണ്ടി വരുമ്പോള്‍ അതെല്ലാം ക്ഷമയോടെ ഏറ്റെടുക്കുന്ന കുടുംബാംഗങ്ങളാണ് ഇവരില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍. പിന്തുണനല്‍കിയ സ്കൂള്‍ മാനേജര്‍മാരായ വൈദികശ്രേഷ്ഠര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പള്‍മാര്‍, സ്കൂളിലെ അധ്യാപക അനധ്യാപക സുഹൃത്തുക്കള്‍, സാങ്കേതിക പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന നിധിന്‍ സാര്‍ (ഗവ. ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ കടപ്പൂര്‍) അടക്കമുള്ള സുഹൃത്തുക്കള്‍, മാത്സ് ബ്ലോഗ് ടീം, കഴിഞ്ഞ നാലു വര്‍ഷമായി സ്കൂള്‍ മേളകളുടെ റിസല്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈ എടുത്ത ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയമോഹന്‍ സാര്‍, പൂഞ്ഞാര്‍ ബ്ലോഗിനെ നാടിനു പരിചയപ്പെടുത്തുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന മാധ്യമ സുഹൃത്തുക്കള്‍, പല വേദികളിലും പൂഞ്ഞാര്‍ ബ്ലോഗിനെ പരിചയപ്പെടുത്തിയ സന്തോഷ് കീച്ചേരി സാര്‍ (സെന്റ് അല്‍ഫോന്‍സാ ഗേള്‍സ് ഹൈസ്കൂള്‍ വാകക്കാട്), നിജാസ് സാര്‍ (MG HSS ഈരാറ്റുപേട്ട), രാജീവ് സാര്‍ (English Blog), IT @ School-ന്റെ കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റസാഖ് സാര്‍.. ഇങ്ങനെ എത്രയോ പേര്‍ ഈ നാലു വര്‍ഷവും കൂടെ ഉണ്ടായിരുന്നു.. നന്ദി.. ഏവര്‍ക്കും നന്ദി.. 
                അന്റോണിയന്‍ ക്ലബ് അംഗങ്ങളായ എന്റെ കൊച്ചു കൂട്ടുകാരെ പ്രത്യേകം ഓര്‍ക്കുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളില്‍ അഞ്ചു വര്‍ഷം മുന്‍പ് ആരംഭിച്ച അന്റോണിയന്‍ ക്ലബിലൂടെ ഇതുവരെ 240 കുട്ടികള്‍ പൂഞ്ഞാര്‍ ബ്ലോഗിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗൗതം കൃഷ്ണയും ആര്‍ .അശ്വിനുമൊക്കെ തുടക്കമിട്ട ആ കുട്ടിക്കൂട്ടായ്മയുടെ വിജയമാണ് ഇന്നത്തെ പൂഞ്ഞാര്‍ ബ്ലോഗ്. അന്റോണിയന്‍ എന്ന ത്രൈമാസ പത്രമായി ആരംഭിച്ച് പൂഞ്ഞാര്‍ ന്യൂസ് എന്നപേരില്‍ ബ്ലോഗായി പിന്നീട് പൂഞ്ഞാര്‍ ബ്ലോഗ് എന്ന പേരിലേയ്ക്ക് മാറിയ ഈ കാലത്തിനിടെ ഈ സംരംഭത്തിന് പ്രോത്സാഹനം നല്‍കിയ ഏവരെയും നന്ദിയോടെ ഓര്‍ക്കുന്നു. വ്യക്തിത്വവികസനം, സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം എന്നീ അന്റോണിയന്‍ ക്ലബിന്റെ ലക്ഷ്യങ്ങളിലെ സാമൂഹ്യസേവനത്തിന്റെ ഭാഗമായി, പരസ്യങ്ങളോ മറ്റു വരുമാന മാര്‍ഗ്ഗങ്ങളോ ഒന്നും തേടാതെ, സമയ-സാമ്പത്തിക നഷ്ടങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങളെ ശക്തരാക്കിയത് നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഈ പിന്തുണയാണ്. എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. മുന്നോട്ടുള്ള യാത്രയിലും ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു..
ടോണി പുതിയാപറമ്പില്‍
അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍
Mb: 9895871371
നാലു വയസ് തികഞ്ഞ പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ചുവടെ നല്‍കുന്നു..

Thursday, December 11, 2014

മനുഷ്യാവകാശദിനത്തില്‍ 'ശരിഉലകം' ശില്‍പ്പ - നാട്യ - പ്രദര്‍ശനം ശ്രദ്ധേയമായി ..

      പൂഞ്ഞാര്‍ : ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ശില്‍പ്പ-നാട്യ-പ്രദര്‍ശനമായ 'ശരിഉലകം' ഏറെ ശ്രദ്ധേയമായി. പന്ത്രണ്ട് സ്റ്റാളുകളായാണ് പ്രദര്‍ശനം ക്രമീകരിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ സമരം പ്രതീകാത്മകമായി കുട്ടികള്‍ അവതരിപ്പിച്ചു. യുദ്ധങ്ങള്‍, തീവ്രവാദം, ജയില്‍ പീഢനം, ബാലവേല, സ്ത്രീ പീഢനം, റോഡപകടത്തിലെ കൗമാരക്കാരന്റെ മരണം തുടങ്ങിയവ 'ശരിഉലകം' എന്നുപേരിട്ട ഈ പ്രദര്‍ശനത്തിലെ വിവിധ കാഴ്ച്ചകളായിരുന്നു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസ് വലിയമറ്റം CMI ഉദ്ഘാടനം ചെയ്ത ശില്‍പ്പ-നാട്യ-പ്രദര്‍ശനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.ബിനോയി മങ്കന്താനം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രദര്‍ശനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ നല്‍കുന്നു..

Saturday, December 6, 2014

'പഴയ ചന്തയെ' അനുസ്മരിപ്പിച്ച് പൂഞ്ഞാറില്‍ ഹരിത സ്വാശ്രയ കാര്‍ഷിക വിപണി ആരംഭിച്ചു ..



പൂഞ്ഞാര്‍ : കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുവാനും ഉപഭോക്താക്കള്‍ക്ക് ഇവ നേരിട്ടു വാങ്ങുവാനും അവസരമൊരുക്കി പൂഞ്ഞാറില്‍ കാര്‍ഷികോത്പ്പന്ന വിനിമയ കേന്ദ്രം ആരംഭിച്ചു.

പൂഞ്ഞാര്‍ ജീജോ ആശുപത്രിക്കു സമീപമുള്ള ഭൂമിക സെന്ററിനോട് ചേര്‍ന്നാണ് കാര്‍ഷിക വിപണി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 8.30 മുതല്‍ 11 വരെ കാര്‍ഷികോത്പ്പന്നങ്ങള്‍ വിപണിയില്‍ സ്വീകരിക്കും. പതിനൊന്നിനു ശേഷം ഉപഭോക്താക്കള്‍ക്ക് ഇവ ലേലത്തിലൂടെ വാങ്ങാവുന്നതാണ്. 

        കഴിഞ്ഞദിവസം നടന്ന ആദ്യ കാര്‍ഷിക വിപണിയില്‍ ജൈവ കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.  വാഴക്കുലകളും ചേന, കാച്ചില്‍, മത്തങ്ങ, നാരങ്ങാ, മുളക്, മുട്ട, കപ്പളങ്ങ, വഴുതന തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളുമായി കര്‍ഷകര്‍ രാവിലെ 8 മണി മുതല്‍ എത്തി.

ആവേശപൂര്‍വ്വം നടന്ന ലേലവും വിപണനവും ഉച്ചക്കു ശേഷമാണ് പൂര്‍ത്തിയായത്. ഇവിടെ കാണുന്ന കാഴ്ച്ചകള്‍, 'പഴയ പൂഞ്ഞാര്‍ ചന്തയെ' ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വിപണി സന്ദര്‍ശിച്ച ചില മുതിര്‍ന്ന കര്‍ഷകര്‍  പറഞ്ഞു.

        പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടോമി മാടപ്പള്ളി ഹരിത സ്വാശ്രയ കാര്‍ഷിക വിപണി ഉദ്ഘാടനം ചെയ്തു. കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തേട്ട്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി തോമസ് മുതിരേന്തിക്കല്‍, കൃഷി ഓഫീസര്‍ എം.എ.റഫീക്ക്, ജോസ് കോലോത്ത്, ജോണി പൊട്ടംകുളം, ഔസേപ്പച്ചന്‍ മടിയ്ക്കാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
        ഉപഭോക്താക്കളുടെ  സൗകര്യാര്‍ത്ഥം കാര്‍ഷിക വിപണി പൂഞ്ഞാര്‍ ടൗണിലേയ്ക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്ന്  ഭാരവാഹികള്‍ അറിയിച്ചു. 

Monday, December 1, 2014

കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും..


             ഇരുപത്തി ഏഴാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 1, 2, 3, 4, 5 തീയതികളില്‍ കുറവിലങ്ങാട് നടക്കും. കുറവിലങ്ങാട് കേന്ദ്രീകരിച്ച് വിവിധ സ്കൂളുകളിലും ഹാളുകളിലുമായി ഒരുക്കിയിരിക്കുന്ന 19 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ഡിസംബര്‍ ഒന്നാം തീയതി രാവിലെ പത്തുമണി മുതല്‍ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
             കലോത്സവത്തില്‍ പങ്കെടുക്കുന്ന ഈരാറ്റുപേട്ട ഉപജില്ലയിലെ കുട്ടികളുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍ ഈരാറ്റുപേട്ട AEO ഓഫീസില്‍ ഡിസംബര്‍ ഒന്നാം തീയതി തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വിതരണം ചെയ്യുന്നതാണ്. സ്കൂള്‍ അധികൃതര്‍ തിങ്കളാഴ്ച്ചതന്നെ തങ്ങളുടെ സ്കൂളുകളിലേയ്ക്കുള്ള എല്ലാ പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകളും AEO ഓഫീസില്‍നിന്ന് വാങ്ങേണ്ടതാണ്. കലോത്സവത്തിന്റെ വിശദവിവരങ്ങള്‍ക്കും പ്രോഗ്രാം നോട്ടീസിനുമായി മുകളില്‍ കാണുന്ന കലോത്സവം പേജ് സന്ദര്‍ശിക്കുക..